കൽപ്പറ്റ: മലയാളിയിൽനിന്ന് വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തയാളെ രാജസ്ഥാനിൽനിന്നു പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബിക്കാനീർ സ്വദേശിയായ ശ്രീരാം ബിഷ്ണോയി (28) ആണ് അറസ്റ്റിലായത്.
വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ഐടി ജീവനക്കാരനിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷത്തോളം രൂപ കവർന്നത്. വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്. 2024 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
യുവാവിനെ സ്കൈപ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് വായ്പകൾ നേടിയതായി വിവരമുണ്ടെന്നും അതിന്റെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശിച്ചു. ബാങ്ക് അക്കൗണ്ടിൽ പ്രീ അപ്രൂവ്ഡ് ആയി ഉണ്ടായിരുന്ന വ്യക്തിഗത വായ്പാ തുക പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്തത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ പരാതിക്കാരൻ സൈബർ പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പടിഞ്ഞാറത്തറ പോലീസ് കേസെടുക്കുകയുമായിരുന്നു.